റാന്നി: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കാന്‍ തീരുമാനം. നീരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തു. മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് തിരികെ വന്നവരില്‍ 274 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പുതുതായി ഏഴ് പേരെക്കൂടി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. \

ഇതോടെ മൊത്തം 20 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയ 4105 പേരും നിരീക്ഷണത്തിലാണ്. ഇവരില്‍ 274 പേര്‍ വിദേശത്ത് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 24 പേര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താലൂക്ക് അടിസ്ഥനത്തില്‍ ക്യാമ്പുകള്‍ തുറക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ലഭിച്ച പത്ത് സാംപിളുകളുടെ പരിശോധനാ റിസള്‍ട്ടും നെഗറ്റീവാണ്.

നേരത്തെ, പത്തനംതിട്ടയില്‍ അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ തിരികെ അമേരിക്കയിലേക്ക് കടന്നിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി മെഴുവേലിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ക്വാറന്റെയിന്‍ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയിലേക്ക് തിരികെ പോവുകയായിരുന്നു.