തിരുവനന്തപുരം: മലപ്പുറം ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ആദ്യം എസ്‍ഡിപിഐയുടെ പേര് പറയാതിരുന്നതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. പിന്നീടാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ നിന്നും പൊലീസില്‍ നിന്നും എസ്‍ഡിപിഐയുടെ പങ്കിനെ കുറിച്ച് സൂചന കിട്ടിയതെന്നും  മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

നൗഷാദിന്‍റെ കൊലപാതകത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ എസ്‍ഡിപിഐയുടെ പേര് പറയാത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍  ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. എസ്‍ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് മുല്ലപ്പള്ളിയുടെ നിലപാടെന്ന് കോടിയേരി  ബാലകൃഷ്ണനും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിശദീകരണം