കോട്ടയം: ജനപ്രിയസാഹിത്യകാരൻ സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സുധാകർ മംഗളോദയത്തിന്‍റെ സ്വദേശം. 

പി പത്മരാജന്‍റെ കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകർ പി നായർ എന്ന യഥാർത്ഥ പേരിലാണ് ക്രെഡിറ്റ് നൽകിയിരിക്കുന്നത്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെയും കഥ സുധാകർ മംഗളോദയത്തിന്‍റേതാണ്. 

'പൈങ്കിളി സാഹിത്യം' എന്ന് വിളിക്കപ്പെട്ടെങ്കിലും വിവിധ വാരികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിലൂടെ മലയാളത്തിലെ വായനക്കാർക്കിടയിൽ ചിരപരിചിതമായ പേരാണ് സുധാകർ മംഗളോദയത്തിന്‍റേത്. മനോരമ, മംഗളം എന്നീ വാരികകളിലൂടെ സുധാകർ മംഗളോദയത്തിന്‍റെ എഴുത്തുകൾ ആഴ്ച തോറും വായനക്കാരെ തേടിയെത്തി. 

ചിറ്റ, ചാരുലത, നീലക്കടമ്പ്, സുമംഗലി, പാദസരം, വെളുത്ത ചെമ്പരത്തി, അവൾ, കുടുംഹം, നന്ദിനി ഓപ്പോൾ, ഇവൾ നന്ദനയുടെ മകൾ, താലി എന്നിവയാണ് സുധാകർ മംഗളോദയത്തിന്‍റെ പ്രധാന രചനകൾ. 

( ചിത്രത്തിന് കടപ്പാട്: മലയാളം മൂവി ഡാറ്റാബേസ് )