10 കോടിയിലധികം യാത്രക്കാരുമായി പുതിയ വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് വാട്‌സാപ്പ് ടിക്കറ്റ് സംവിധാനം അവതരിപ്പിച്ചത്.

കൊച്ചി: മെട്രോ യാത്രക്കായി വാട്‌സാപ്പ് വഴി ടിക്കറ്റെടുക്കാനാകുന്ന സൗകര്യവുമായി കൊച്ചി മെട്രോ. ഇത് വഴി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. വാട്സാപ്പ് ക്യൂ ആർ കോഡ് ടിക്കറ്റിന്‍റെ ലോഞ്ചിംഗ് ചലച്ചിത്ര താരം മിയാ ജോർജ് നിർവഹിച്ചു.

ടിക്കറ്റ് എടുക്കുന്നതിനായി സ്റ്റേഷനിലെത്തി ക്യൂ നിൽക്കേണ്ട. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'Hi' എന്ന് അയച്ചാൽ മതി. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും.

ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ. ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളിൽ യാത്ര ചെയ്യാനാകും.10 കോടിയിലധികം യാത്രക്കാരുമായി പുതിയ വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് വാട്‌സാപ്പ് ടിക്കറ്റ് സംവിധാനം അവതരിപ്പിച്ചത്.

യാത്ര എളുപ്പമാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോകളും ഇലക്ട്രിക് ബസുകളും നിരത്തിലിറക്കാനും ആലോചിക്കുന്നുണ്ട്. കൂടാതെ അടുത്ത മാസത്തോടെ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തന സജ്ജമായേക്കുമെന്നും കലൂർ ജംഗ്ഷൻ മുതൽ സ്മാർട്ട് സിറ്റിവരെയുള്ള മെട്രോ പാതയുടെ സ്ഥലമേറ്റെടുപ്പും ടെൻഡർ നടപടികളും അവസാനഘട്ടത്തിലാണെന്നും കെ എം ആർ എൽ എം ഡി ലോക്നാഥ് ബഹ്റ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്