ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതലായി പ്രതികരിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. എല്ലാം പിന്നീട് പറയാമെന്നും ഇപ്പോൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

തിരുവനന്തപുരം : ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. വിവാദങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമായി വടകര എം.പി. ഷാഫി പറമ്പിലിനെതിരെ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയതോടെയാണ് വാക്പോര് രൂക്ഷമായത്.

ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നാണ് ഉണ്ണിത്താൻ പരിഹസിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസ് കാലത്ത് പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, 'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്' എന്ന് അവകാശപ്പെടുന്ന പലരും പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് അന്ന് ഒളിച്ചോടിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.