യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പത്രസമ്മേളനത്തിൽ പറഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി പുനഃസംഘടിപ്പിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പദവിക്കു നിരക്കാത്ത പണിയാണ് അടൂർ പ്രകാശ് ചെയ്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. പ്രതിരോധം സൃഷ്ടിക്കേണ്ട കൺവീനർ പത്ര സമ്മേളനം വിളിച്ച് സംസാരിച്ചത് സ്വന്തം താല്പര്യം ആണ്. പാർട്ടി ഫോറങ്ങളിൽ പറയേണ്ടത് പത്ര സമ്മേളനത്തിൽ പറഞ്ഞത് ശരിയല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

ഇവിടെ നടക്കുന്ന നിയമനങ്ങളിൽ തനിക്കും അഭിപ്രായങ്ങളുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പത്ര സമ്മേളനം ശരിയല്ല. ഇവിടെ പാർട്ടി നേതൃത്വമില്ലാത്ത സാഹചര്യമാണ്. കെപിസിസി പുന സംഘടിപ്പിക്കണം. പാർട്ടിക്ക് പ്രത്യേകം നേതൃത്വം വരണം. നിലവിലെ കെപിസിസി പ്രസിഡന്റ്‌ തുടരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പോരാ, രേഖാമൂലം എഴുതി നൽകണം. അപ്പോൾ തീരുമാനം ഉണ്ടാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അടൂർ പ്രകാശ് ഒരക്ഷരം മിണ്ടിയതായി അറിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെപിസിസിക്ക് പരാതി ഉണ്ടെങ്കിൽ പ്രസിഡന്‍റ് ആണ് പറയേണ്ടത്. യുഡിഎഫ് കൺവീനർ അല്ല പറയേണ്ടത്. സർക്കാരിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് അല്ലെ. എല്ലാവരും മന്ത്രിമാരായപ്പോൾ എല്ലാവരും കൂടി ആലോചിച്ചു ആണ് തീരുമാനിക്കുന്നത് എന്നാണ് കരുതിയത്. സർക്കാരിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ എഐസിസി നേതൃത്വത്തെ അറിയിക്കാം. പറയാൻ ഉള്ളത് പറയേണ്ടിടത്ത് പറയാൻ ധൈര്യം കാണിക്കണം. അല്ലാതെ അനവസരത്തിൽ മാധ്യമങ്ങളോട് അല്ല പറയേണ്ടതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

YouTube video player

കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനർ രൂക്ഷ വിമർശനം ഉന്നയിച്ചത്. യുഡിഎഫിന്റെ യോഗം അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം പരിഹാരം ഉണ്ടാക്കണം. അതൃപ്തി അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായെന്നും അടൂർ പ്രകാശ് വിമർശിച്ചു. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എഐസിസിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണ മാത്രമാണ്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.