കെഎസ്ആർടിസി ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു. വൺ ലിറ്റർ ഡീസൽ ചലഞ്ച് പോലുള്ള കർമ്മപരിപാടികളിലൂടെ പ്രതിമാസം ഒരു കോടി രൂപ വരെ ലാഭിക്കാനും ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കാനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളുമായി കെഎസ്ആർടിസി. ഇതിന്‍റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമ്മപരിപാടികൾ നടപ്പിലാക്കി വരികയാണ്. നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്റർ പെർ ലിറ്റർ) വെറും ഒരു ശതമാനം വർദ്ധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. കെഎസ്ആർടിസി ലക്ഷ്യമിടുന്നത്, ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ്.
ഇന്ധനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രധാന പ്രവർത്തനങ്ങൾ:
കെഎസ്ആർടിസിയുടെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്:
'വൺ ലിറ്റർ ഡീസൽ ചലഞ്ച്': ഓരോ ബസിനും ദിവസേന ഒരു ലിറ്റർ ഡീസൽ ലാഭിക്കുവാനുള്ള ദൗത്യമാണ് ഈ പദ്ധതിയിലുള്ളത്
കൃത്യമായ പരിപാലനം: എഞ്ചിൻ, ഇന്ധന സംവിധാനങ്ങൾ എന്നിവയുടെ കൃത്യമായ പരിപാലനം ഉറപ്പാക്കും.
ഡാറ്റാ നിരീക്ഷണം: ബസുകൾ, ഷെഡ്യൂളുകൾ, ഡ്രൈവർമാർ എന്നിവരുടെ കെഎംപിഎൽ ഡാറ്റാ നിരീക്ഷണം നടത്തും.
പ്രത്യേക പരിശീലനം: ഡ്രൈവർമാർക്ക് വേണ്ടി പ്രത്യേക ഇന്ധനക്ഷമതാ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
ഈ നടപടികൾ കെഎസ്ആർടിസിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനും പൊതുഗതാഗത രംഗത്ത് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.


