Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ ഗൗരവതരം: പിഴവുണ്ടെങ്കിൽ കർശന നടപടി: മുഖ്യമന്ത്രി

ആന്തൂരിലെ ആത്മഹത്യക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി സഭയിൽ. പ്രതിപക്ഷം ഇറങ്ങിപ്പോയി.

nri businessmens suicide pinarayi vijayan on assembly
Author
Thiruvananthapuram, First Published Jun 19, 2019, 1:11 PM IST

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു. സിപിഎമ്മിന് സർവ്വാധിപത്യമുള്ള ആന്തൂരിൽ പാർട്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളത്ത് പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. 15 കോടി മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്‍റർ പൊളിച്ച് നീക്കാനുള്ള നഗരസഭയുടെ നിർദ്ദേശത്തിൽ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തത്. ടൗൺപ്ലാനിങ് ഓഫീസറുടെയും എഞ്ചിനീയറുടെയും റിപ്പോർട്ട് മറികടന്നാണ് അനുമതിയും കെട്ടിട നമ്പറും നിഷേധിച്ചത്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഉള്ള ഭരണനേതൃത്വം ആണ് പ്രതിസന്ധി ഉണ്ടാക്കിയത്. 

എന്നാല്‍, പ്രവാസിയോട് രാഷ്ട്രീയ വിവേചനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ വിശദീകരിച്ചു. ചട്ടലംഘനമോ അനുമതി നൽകാൻ കാലതാമസമോ ഉണ്ടായോയെന്ന് ചീഫ് ടൗൺ പ്ലാനറും നഗരകാര്യ റീജനൽ ഡയറക്ടറും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോപണം ശരിയെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അറിയിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഭരണ കക്ഷിയുടെ തെറ്റായ നടപടി മൂലം പ്രവാസി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ് ആന്തൂരിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Follow Us:
Download App:
  • android
  • ios