തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനം. ജില്ലാകളക്ടർ വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനമടുത്തത്.

വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് 2 ദിവസം മുൻപ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്. എന്നാൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ തിരിച്ചയക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. 

കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതോടെ ഇയാൾ ദിശ നമ്പറിൽ വിളിച്ചറിയിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോകും വഴി ഇയാൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആശുപത്രിയിൽ 5 പേരും വീട്ടിൽ 160 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉളളത്.