കോഴിക്കോട്: നൃത്തചുവടുകളുടെ ചാരുതയുണര്‍ത്തി നൃത്യതി ദേശീയ നൃത്തോത്സവത്തിന് തുടക്കമായി. നാല് ദിവസം നീണ്ട് നിൽക്കുന്ന നൃത്തോത്സവത്തിൽ പതിനഞ്ചോളം നർത്തകിമാർ പങ്കെടുക്കും. കേരള സംഗീത നാടക അക്കാദമിയും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്സിനലും സംയുക്തമായാണ് ടൌണ്ഹാളില്‍ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന നൃത്യതി ബുധനാഴ്ച സമാപിക്കും.

മംഗളാചരണത്തിലായിരുന്നു തുടക്കം. പല്ലവിയില്‍ ശങ്കരാഭരണം. അഭയലക്ഷ്മിയുടെ മുദ്രയില്‍ വിരിഞ്ഞതത്രയും ഒഡീസി നർത്തനത്തിന്‍റെ മാസ്മരികതയായിരുന്നു.
രോഹിത് പ്രധാൻ മദ്ദളത്തിലും  മിലൻകുമാർ പാണ്ടേ വായ്പാട്ടിലും അകമ്പടിയേകി. രുദ്ര പ്രസാദിയിരുന്നു പുല്ലാങ്കുഴല്‍. ഇന്ന് വൈകിട്ട് ആറിന് അശ്വനി നമ്പ്യാരുടെ കുച്ചിപ്പുടിയും തുടര്‍ന്ന്  സൂര്യകാന്തി സംഗീത നൃത്ത സഭ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങിലെത്തും.

അഞ്ചുദിവസങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡീസി, കഥക് എന്നീ കലാരൂപങ്ങള്‍ അരങ്ങേറും. 26ന് വൈകിട്ട് ആറിന് ദീപ കര്‍ത്തയുടെ കഥക്, ഏഴിന് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, 27 ന് വൈകിട്ട് ആറിന് മഞ്ജു.വി.നായരുടെ ഭരതനാട്യം, ഏഴിന് ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്റെ കുച്ചുപ്പുടി, 28ന് വൈകിട്ട് ആറിന് ഡോ. പത്മിനി കൃഷ്ണന്റെ കുച്ചുപ്പുടി, ഏഴിന് ഡോ. നീന പ്രസാദ് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും. ടൗണ്‍ഹാളില്‍ അരങ്ങേറുന്ന നൃത്തവിരുന്ന് സൗജന്യമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ എസ്.സാംബശിവറാവു അറിയിച്ചു.