Asianet News MalayalamAsianet News Malayalam

'മുന്നാക്കസംവരണം നടപ്പാക്കിയ രീതി തെറ്റ്', സർക്കാരിനെതിരെ കോടതി കയറി എൻഎസ്എസ്

അർഹരായവർക്ക് പ്രയോജനം കിട്ടാത്ത രീതിയിലാണ് സർക്കാർ സംസ്ഥാനത്ത് മുന്നാക്കസംവരണം നടപ്പാക്കിയതെന്നും, ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ മുൻഹർജിക്കൊപ്പം മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയെന്നും എൻഎസ്എസ്.

nss files plea in high court against forward caste reservation
Author
Perunna, First Published Feb 11, 2021, 8:05 PM IST

പെരുന്ന/ തിരുവനന്തപുരം: മുന്നാക്കസംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് രംഗത്ത്. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് എൻഎസ്എസ്സിന്‍റെ വിമർശനം. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ മുൻഹർജിക്കൊപ്പം മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കസമുദായാംഗങ്ങൾക്ക് അതിന്‍റെ പ്രയോജനം വേണ്ടവണ്ണം കിട്ടുന്നില്ലെന്ന് പറയാതെ വയ്യെന്ന് എൻഎസ്എസ് പറയുന്നു. സർക്കാർ ചട്ടം നടപ്പാക്കിയതിൽ അപാകതകളുണ്ട്. അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നേരത്തേ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്.

സർക്കാർ നിയമിച്ച മുന്നാക്കകമ്മീഷൻ മുന്നാക്കസമുദായാംഗങ്ങളുടെ പട്ടിക ഉൾപ്പെടുന്ന റിപ്പോർട്ട് 2019-ൽ സമർപ്പിക്കുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തെങ്കിലും മുന്നാക്കസമുദായ പട്ടിക ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് എൻഎസ്എസ് പരാതിപ്പെടുന്നു. സാമ്പത്തികസംവരണത്തിന്‍റെ അർഹത നിശ്ചയിക്കുന്ന നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കേ, മുന്നാക്കസമുദായപട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം നേടാൻ കഴിയാത്ത അവസ്ഥയും ഇപ്പോഴുണ്ട്. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ, ഏതൊക്കെ സമുദായാംഗങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ട് എന്ന് നിശ്ചയിക്കാൻ കഴിയൂ. സാമ്പത്തിക സംവരണം കിട്ടാൻ റവന്യൂ അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പലപ്പോഴും നൽകുന്നില്ല. അതും ഈ കാരണത്താലാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിനായി മുന്നാക്കസമുദായപട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു ഉപഹർജിയും എൻഎസ്എസ് ഹൈക്കോടതിയിൽ സമർപ്പിച്ചെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios