പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി തൊവരിമല മൂര്‍ക്കന്‍ വീട്ടില്‍ ഷംസാദ്(39) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ എ.പി ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള ബേപ്പൂര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 26-ാം തിയതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് 10000 രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പോലീസിനെ ഇയാളിലേക്കെത്തിച്ചത്.
രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലില്‍ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികളും, സ്‌കൂള്‍ ഓഫീസുകളിലും കവര്‍ച്ച നടത്തിയതായി കണ്ടെത്തി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വിവിധ പള്ളികളിലെ നേര്‍ച്ചപ്പെട്ടികളുടെ പൂട്ട് ഇരുമ്പ് ദണ്ഡും കമ്പിപ്പാരയും ഉപയോഗിച്ച് പൊളിച്ചാണ് മോഷണം നടത്തിയിരുന്നത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതി, ലക്ഷ്യമിടുന്ന പള്ളികളില്‍ ആദ്യം വിശ്വാസിയെന്ന വ്യാജേന എത്തി സാഹചര്യം വിലയിരുത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയിരുന്നത്. ഓപറേഷന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയും പിന്നീട് അടുത്ത മോഷണത്തിനായി വീണ്ടും സംസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം ബേപ്പൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ്, എസ്‌ഐ മാരായ വിനോദ് കുമാര്‍, ഷാജു, ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഷംസാദിനെ കസ്റ്റഡിയിലെടുത്തത്.



