കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഇടപെടുന്നതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഘടകകക്ഷികളുടെ ഇടപെടൽ പ്രശ്നമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികൾ എന്തിനു ഇടപെട്ടു. അവരുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന് അടക്കം എന്ത് കാര്യം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികള്‍ സമ്മർദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. ആരെയും പിന്താങ്ങണമെന്നോ എതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. മുൻപ് തന്നെ എൻഎസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുൻപ് രമേശിന് വേണ്ടി താക്കോൽ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു. ചില സമുദായ താൽപര്യങ്ങൾ കാരണമാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
