Asianet News MalayalamAsianet News Malayalam

ശബരിമലയിൽ വിവാദ വെടിപൊട്ടിച്ച് വെട്ടിലായി എൻഎസ്എസ്

സമദൂരമായിരുന്നു എൻഎസ്എസ് മുഖമുദ്ര. മുന്നണികളോടുള്ള ശരിദൂരമായി പിന്നെ അത് മാറിയെങ്കിലും ശബരിമല വിശ്വാസ പ്രശ്നത്തിൽ സർക്കാരിനെതിരെ പരസ്യ നിലപാടാണ് പിന്നീട് എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്

nss   sabarimala controversy election result
Author
Thiruvananthapuram, First Published May 2, 2021, 8:24 PM IST

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചയും  നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അങ്ങിങ്ങ് നിറഞ്ഞ് നിന്നിരുന്നെങ്കിലും പ്രശ്നം രാഷ്ട്രീയ കേരളം ആകെ ഏറ്റെടുക്കുന്ന വിധത്തിലേക്ക് വളര്‍ത്തിയെടുത്തത് വോട്ടെടുപ്പ് ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വന്നതിന് ശേഷമാണ്. പിന്തുടര്‍ന്ന് വന്ന സമദൂര നയം ഉപേക്ഷിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി വിശ്വാസ സംരക്ഷണം കൂടി മുൻ നിര്‍ത്തി സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയതോടെ വിവാദം കത്തിപ്പടര്‍ന്നു.

ജനങ്ങൾക്ക് സമാധാനം നൽകുന്ന, സാമൂഹ്യ നീതിയും മതേതരത്വവും സൂക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന ജി സുകുമാരൻ നായരുടെ വാക്കിൽ കടിച്ച് തൂങ്ങി വോട്ടെടുപ്പ് ദിനത്തിലെ രാഷ്ട്രീയ ചര്‍ച്ചയിലാകെ ശബരിമല നിറഞ്ഞു. എന്നാൽ 99 സീറ്റ് നേടി ഇടതുമുന്നണി മിന്നും ജയം കരസ്ഥമാക്കിയതോടെ പരസ്യ നിലപാടിൽ പ്രതിരോധത്തിലാകുകയാണ് എൻഎസ്എസ് നേതൃത്വം. 

വിശ്വാസികൾക്ക് അനുകൂലമായ നിലപാടെടുത്തെങ്കിലും എൻഎസ്എസ് നേതൃത്വത്തിനെതിരെ പതിവില്ലാത്ത വിധത്തിൽ പരസ്യ പ്രതികരണവുമായാണ് വോട്ടെടുപ്പ് ദിവസം തന്നെ ഇടതു നേതാക്കൾ രംഗത്തെത്തിയത്. സ്വാമി അയ്യപ്പൻ മാത്രമല്ല ദേവ ഗണങ്ങളെല്ലാം ഇടത് സർക്കാരിനൊപ്പമാണെന്ന് ധര്‍മ്മടത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ പറഞ്ഞ പിണറായി വിജയൻ എൻഎസ്എസ് നേതൃത്വം പറഞ്ഞത് അണികൾ കേട്ടോ എന്ന പ്രതികരണമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയത്. 

എൻഎസ്എസ് നിലപാടിൽ തെറ്റില്ലെന്നും വിശ്വാസ സംരക്ഷണത്തിൽ ഇടതുമുന്നണി മലക്കം മറിഞ്ഞെന്നുമായിരുന്നു യുഡിഎഫ്  നിലപാട്. ശബരിമല സത്യവാങ് മൂലം തിരുത്താൻ പിണറായി വിജയൻ തയ്യാറാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചപ്പോൾ സ്വാമി അയ്യപ്പനോട് പിണറായി മാപ്പുപറയണമെന്നായിരുന്നു എകെ  ആന്റണിയുടെ പ്രതികരണം.  

തെരഞ്ഞെടുപ്പിലുടനീളം ശബരിമല വിഷയം ഉയ‍ർത്തി വോട്ട് ചോദിച്ച ബിജെപിയും പിണറായിയെ രൂക്ഷമായി വിമ‍ര്‍ശിച്ച് രംഗത്തെത്തി. എൻഎസ്എസിനെതിരെ നടത്തിയ വിമര്‍ശനത്തിലും ശബരിമലയിലെ മുൻ നിലപാടിൽ നിന്ന് പുറകോട്ട് പോയതിനും സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷ മുന്നണികളും ഫലം വന്ന ശേഷവും സമുദായ നേതൃത്വത്തെ പ്രതിരോധിക്കാൻ എന്ത് നിലപാട് എടുക്കുമെന്നും ശ്രദ്ധേയമാണ്. 

സമദൂരമായിരുന്നു എൻഎസ്എസ് മുഖമുദ്ര. മുന്നണികളോടുള്ള ശരിദൂരമായി പിന്നെ അത് മാറിയെങ്കിലും ശബരിമല വിശ്വാസ പ്രശ്നത്തിൽ സർക്കാരിനെതിരായ പരസ്യ നിലപാട് എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്തായാലും വരും ദിവസങ്ങളിലും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ്. നാല് പതിറ്റാണ്ടിന് ശേഷം കേരള ചരിത്രം തിരുത്തി കുറിച്ച പിണറായി വിജയത്തിൽ എൻഎസ്എസ് പ്രതികരണത്തിലും ഉണ്ട് ആകാംക്ഷ


 

Follow Us:
Download App:
  • android
  • ios