ലണ്ടൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. രോഗികളുടെ എണ്ണം ജൂൺ 28നാണ് ഒരു കോടി പിന്നിട്ടതെങ്കിൽ, അടുത്ത അരക്കോടി പേർക്ക് കൊവിഡ് ബാധിച്ചത് 24 ദിവസം കൊണ്ടാണ്. ആദ്യ കേസ് സ്ഥിരീകരിച്ച് 208-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് എത്തുന്നത്. 

2019 ഡിസംബർ 31. അന്നാണ് ചൈനയിലെ വുഹാനിൽ ന്യുമോണിയക്ക് സമാനമായ ലക്ഷണങ്ങളുമായി നിരവധി പേരെ കണ്ടെത്തുന്നത്. 7 ദിവസങ്ങൾക്ക് ശേഷം, അതായത് ജനുവരി 7ന് കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗം ആണ് ജനങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് ലോകമറിഞ്ഞു. എന്നാൽ അതിന്റെ തീവ്രതയെ കുറിച്ചോ രോഗം ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധിയെ കുറിച്ചോ ആർക്കും ധാരണയുണ്ടായിരുന്നില്ല. 

4 ദിവസങ്ങൾക്ക് ശേഷം ജനുവരി 11-ന് ചൈനയിൽ ആദ്യമരണം. ജനുവരി 20-ന് വൈറസ് ചൈനക്ക് പുറത്ത് എത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ജനുവരി 30-ന് ലോകാരോഗ്യസംഘടന ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്നാണ് ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. അപ്പോഴേക്കും ലോകത്ത് ഒൻപതിനായിരം പേരിലേക്ക് വൈറസ് എത്തിയിരുന്നു. 

ഫെബ്രുവരി രണ്ടിന് ചൈനയ്ക്ക് പുറത്തുള്ള ആദ്യ മരണം ഫിലിപ്പൈൻസിൽ സ്ഥിരീകരിച്ചു. ഫെബ്രുവരി 11-ന് രോഗത്തിന് കൊവിഡ് 19 എന്ന നാമം ലോകാരോഗ്യ സംഘടന നൽകിയതോടെ ലോകം ഭീതിയിലായി. ഇറാനും ഇറ്റലിയും സ്പെയിനും കീഴടക്കി രോഗം വ്യാപിച്ചു. ഫെബ്രുവരി 26ന് ആദ്യ കേസ് സ്ഥിരീകരിച്ച അമേരിക്ക പിന്നീട് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്ന കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. 

കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് എത്തിയതോടെ ലോകാരോഗ്യ സംഘടന കൊവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. പിന്നീട് അതിവേഗമായിരുന്നു വ്യാപനം. മാർച്ച് 24 ന് ഇന്ത്യ സമ്പൂർണ ലോക്ഡൗണിലായി. ഏപ്രിൽ 2 ആയപ്പോഴേക്കും ലോകത്ത് കേസുകളുടെ എണ്ണം പത്തുലക്ഷമായി. മെയ് 19ന് ഇന്ത്യയിൽ ഒരു ലക്ഷം കേസുകൾ. മെയ് 20-ന് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു.

രോഗം സ്ഥിരീകരിച്ച് 184 ദിവസം തികഞ്ഞ, ജൂൺ 28ന് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തി. ആദ്യ അരക്കോടിയിലേക്ക് എത്താൻ 141 ദിവസം എടുത്തെങ്കിൽ അടുത്ത 50 ലക്ഷം രോഗികൾ ഉണ്ടാകാൻ വേണ്ടിവന്നത് വെറും 43 ദിവസം. മൂന്നാമത്തെ 50 ലക്ഷത്തിലേക്ക്, അതായത് ഒന്നരക്കോടിയിലേക്ക് എത്താനെടുത്തത് 24 ദിവസം. നിയന്ത്രണങ്ങൾക്കപ്പുറം രോഗം വ്യാപിക്കുമ്പോൾ ആശ്വാസം ഒന്നുമാത്രം. ബ്രിട്ടണിലും ചൈനയിലും നടന്ന ആദ്യഘട്ട വാക്സിൻ പരീക്ഷണം വിജയം കണ്ടിരിക്കുന്നു..... ആ പ്രത്യാശയിൽ തൂങ്ങി മുന്നോട്ടുപോകുകയാണ് ലോകം ഇന്ന്.