ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 23, 30 തീയതികളിൽ വൻ വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ വിവാഹങ്ങൾ ആരംഭിക്കും, ആറ് മണ്ഡപങ്ങൾ സജ്ജീകരിക്കും, കൂടാതെ ദർശനത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഒരു ദിവസം 250ലേറെ വിവാഹങ്ങൾ. ഓഗസ്റ്റ് 23ന് 377, ഓഗസ്റ്റ് 30ന് 295 എന്നിങ്ങനെ വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.
വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ
സമയബന്ധിതമായി പൂർത്തിയാക്കാൻ ഓഗസ്റ്റ് 23, ഓഗസ്റ്റ് 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണമായും വൺവേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.
ദർശന ക്രമീകരണം
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.


