ദില്ലി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള വനിതാ കമ്മീഷനിൽ കന്യാസ്ത്രീകൾ നൽകിയ പരാതി അതീവഗൗരവമുളളതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സ്ത്രീകളെ അവർ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യൂട്യൂബ് ചാനലിലൂടെയോ അപമാനിക്കാൻ പാടില്ല. അതിനാൽ കമ്മീഷൻ കന്യാസ്ത്രീകളുടെ പരാതിയിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോവും. ഡിജിപിയോടും സൈബർ പൊലീസിനോടും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. 

ബുധനാഴ്ച രാവിലെയാണ് പരാതി വനിതാ കമ്മീഷൻ ഓഫീസിൽ ലഭ്യമായത്. പരാതി രജിസ്റ്റർ ചെയ്ത് കേസെടുത്തതായും അതീവ ഗൗരവത്തോടെ തന്നെ സൈബർ പോലീസ് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. ഇതേ വിഷയത്തിൽ നേരത്തെ  കമ്മീഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ  കോട്ടയം എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്.

കൂടാതെ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ നിലനിൽക്കെ കന്യാസ്ത്രീകൾക്കെതിരെ ചിലർ പ്രവർത്തിക്കുന്നത് അനുവദിക്കാനാവില്ല. അതിനാൽ സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടു.