Asianet News MalayalamAsianet News Malayalam

ഫ്രങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകൾ വീണ്ടും സമരത്തിലേക്ക്

കഴിഞ്ഞ മാർച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം ഇതുവരെ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങുന്നത്.

nuns to start strike again on delay of  submitting charge sheet  on franco mulakkal rape case
Author
Kochi, First Published Apr 1, 2019, 7:12 PM IST

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുന്നു. ഏപ്രിൽ ആറിന് കൊച്ചിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് തീരുമാനം. ഇന്ന് ചേർന്ന് ആക്ഷൻ കൗൺസിൽ യോഗത്തിലാണ് കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21 നാണ് ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു  അറസ്റ്റ്. 

2017 ജൂൺ 27-നാണ് കുറവിലങ്ങാട്ടെ മഠത്തിൽ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സർക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. 


തൊട്ടുപിറകെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീകൾ എറണാകുളം വഞ്ചി സ്ക്വയറിൽ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകർഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ അറസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തുവന്നു. 

കഴിഞ്ഞ മാർച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കും എന്നായിരുന്നു അന്ന് എസ്പി നൽകിയ മറുപടി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നീതിക്കായി വീണ്ടും സമരത്തിനിറങ്ങാൻ കന്യാസ്ത്രീകളും ആക്ഷൻ കൗൺസിലും തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios