Asianet News MalayalamAsianet News Malayalam

ഓണനാളിലും വിശ്രമമില്ലാതെ മാവേലി നാട്ടിലെ മാലാഖമാർ; കൊവിഡ് ഡ്യൂട്ടി അനുഭവങ്ങൾ പങ്കുവെച്ച് നഴ്സുമാർ

ഓണനാളുകളിലും വിശ്രമമില്ലാത്തവരാണ് നമ്മുടെ കോവിഡ് മുന്നണിപ്പോരാളികളായ നഴ്സുമാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അവരുടെ ജീവിതത്തിലെ ഓണമെങ്ങനെയാണ്? പൊള്ളുന്ന അനുഭവങ്ങളും കൊച്ചു സന്തോഷങ്ങളും തുറന്നു പറഞ്ഞ് അവർ...

Nurses sharing Covid duty experiences
Author
Trivandrum, First Published Aug 20, 2021, 2:39 PM IST

ണനാളുകളിലും വിശ്രമമില്ലാത്തവരാണ് നമ്മുടെ കോവിഡ് മുന്നണിപ്പോരാളികളായ നഴ്സുമാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അവരുടെ ജീവിതത്തിലെ ഓണമെങ്ങനെയാണ്? പൊള്ളുന്ന അനുഭവങ്ങളും കൊച്ചു സന്തോഷങ്ങളും തുറന്നു പറയുകയാണ് അവര്‍.
''കഴിഞ്ഞ തവണത്തെ കൊവിഡ് ഡ്യൂട്ടിക്ക് ഒരു സ്പെഷൽ ഡ്യൂട്ടിയുടെ ഫീലായിരുന്നു. അതുപോലെ തന്നെ സ്പെഷൽ ഓഫും ലീവും എല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നോർമൽ ഡ്യൂട്ടി പോലെയാണ് കൊവിഡ് ഡ്യൂട്ടിയും കാണുന്നത്. ആഘോഷങ്ങളും അതിനൊപ്പം തന്നെ പോകുന്നു.'' തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.

കൊവിഡ് ഡ്യൂട്ടിക്കിടയിൽ നിരവധി മറക്കാനാവാത്ത അനുഭവങ്ങളും ഉണ്ടെന്ന് ഇവരുടെ സാക്ഷ്യം. ''42 വയസ്സുള്ള ഒരാൾ. ഹെൽത്തിയായിരുന്നു. പക്ഷേ പെട്ടെന്ന് ആരോ​ഗ്യം വഷളായി, മരിക്കും എന്ന് കരുതിയ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു. വളരെ വലിയൊരു അനുഭവമായിരുന്നു അത്. കാരണം അദ്ദേഹം തിരിച്ചുവരുമെന്ന് കരുതിയതേയില്ല. തിരുവനന്തപുരം ജില്ലയിൽ തന്നെയുള്ളയാളാണ്. ഇപ്പോഴും അദ്ദേഹം ഞങ്ങളെ വിളിക്കാറുണ്ട്. നിങ്ങളാണ് എന്നെ രക്ഷപ്പെടുത്തിയത്. നിങ്ങളുടെ പരിശ്രമങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണിത്. ഒരു ചെറിയ കുട്ടിയുണ്ട് അദ്ദേഹത്തിന്.''  

ആദ്യമൊക്കെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന സമയത്ത് വീട്ടുകാർക്ക് ടെൻഷനായിരുന്നുവെന്ന് നഴ്സുമാരിലൊരാൾ. ''കൊവിഡ് ഡ്യൂട്ടി കഴി‍ഞ്ഞ് വീട്ടിലെത്തുമ്പോൾ വീട്ടുകാർക്ക് പേടിയായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിയിട്ടുണ്ട്. നമ്മുടെ ഡ്യൂട്ടിയുമായി വീട്ടുകാരും അഡ്ജസ്റ്റ് ചെയ്ത് പോകുന്നു.'' വേദനിപ്പിക്കുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ടെന്ന് ഇവര്‍ പറയുന്നു.  ''ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതറിയാതെയാണ് ഒരു സ്ത്രീ മരിക്കുന്നത്. ഒരേ ഐസിയുവിലായിരുന്നു ഇവർ രണ്ടുപേരും. ഭർത്താവിന്റെ സ്ഥിതി വഷളായതിനെ തുടർന്ന് അവരെ മാറ്റി. ആറേഴ് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു. പക്ഷേ ഭാര്യ ഇതൊന്നുമറിഞ്ഞില്ല. എല്ലാ ദിവസവും അസുഖമെങ്ങനെയുണ്ടെന്ന് ഇവർ ചോദിക്കുമായിരുന്നു. റിട്ടയേർഡ് ടീച്ചറായിരുന്നു അവർ.  ഞങ്ങളോ ബന്ധുക്കളോ ഇവരെ മരണവിവരം അറിയിച്ചിരുന്നില്ല. ഏകദേശം ഒരു മാസം വരെ അവർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, പക്ഷേ നിർഭാ​ഗ്യവശാൽ അവരും മരിച്ചു. മരിക്കുന്നത് വരെ ഭർത്താവ് മരിച്ച വിവരം അവർ അറിഞ്ഞില്ല. അതുപോലെ ഒരു കുടുംബത്തിലെ മൂന്നും നാലും അം​ഗങ്ങൾ മരണപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. വളരെയേറെ സങ്കടം തോന്നുന്ന ധാരാളം അനുഭവങ്ങളുണ്ട്.'' 

വാക്സിനേഷൻ ഒരു പ്രധാന ഘടകമായിട്ട് തോന്നിയിട്ടുണ്ട്. നേരത്തെ കൊവിഡ് വന്ന് ആരോ​ഗ്യം വഷളായ രോ​​ഗികളേക്കാൾ വാക്സിനേഷന് ശേഷം കൊവിഡ് വരുന്നവർക്ക് ഐസിയു അഡ്മിഷൻ കുറവുള്ളതായി തോന്നിയിട്ടുണ്ട്. 20-22 വയസ്സുളള ചെറുപ്പക്കാരാണ് ഇപ്പോഴും രോ​ഗികളായി എത്തുന്നത്. 40 താഴെ പ്രായമുളളവരാണ് കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. 

കേരള ​ഗവർണർക്കൊപ്പം ഡ്യൂട്ടി ചെയ്യാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചാണ് ഇവരിലൊരാള്‍ക്ക് പറയാനുള്ളത്. ''ആദ്യമൊക്കെ ഭയങ്കര ടെൻഷനായിരുന്നു. പക്ഷേ സാർ വളരെ കൂളായ വ്യക്തിയാണ്. എന്ത് കാര്യമുണ്ടെങ്കിലും ഞങ്ങളോട് ചോദിക്കും. എല്ലാ ദിവസവും രാവിലെ അദ്ദേഹത്തെ കാണാൻ പോകും. ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോ​ദിക്കും.''

ബാനർജി എന്ന കലാകാരനാണ് ഏറ്റവുമൊടുവിൽ മരണപ്പെട്ടത്. ഏകദേശം 20 ദിവസത്തോളം ഞങ്ങളുടെ ഐസിയുവിലുണ്ടായിരുന്നു. കൊവിഡ് ടെസ്റ്റ് ചെയ്യുന്ന സമയം മുതലുള്ള എല്ലാ പടങ്ങളും ഡയറിയിൽ അദ്ദേഹം വരക്കാറുണ്ടായിരുന്നു. ഐസിയുവിലെത്തിയപ്പോൾ ആദ്യം ഓക്സിജൻ മാസ്കിലായിരുന്നു. ആ സമയത്തും അദ്ദേഹം പടം വരക്കുമായിരുന്നു. അടുത്തുകിടക്കുന്ന രോ​ഗികളുടെയും എതിർവശത്ത് കിടക്കുന്ന രോ​ഗികളുടെയും എല്ലാം. ഡോക്ടേഴ്സും ആരോ​ഗ്യപ്രവർത്തകരും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. നിർഭാ​ഗ്യവശാൽ അദ്ദേഹവും മരിച്ചു. 

ഇവരിൽ ചിലർ ഓണത്തിനും കൊവിഡ് ഡ്യൂട്ടിയിലാണ്. രോ​ഗികളെ പരിചരിക്കുന്ന പുണ്യമാണെന്ന് തന്നെ കരുതുന്നു. അതുകൊണ്ട് തന്നെ ഓണനാളിലെ ഡ്യൂട്ടിയെക്കുറിച്ച് പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്ന് ഇവർ പറയുന്നു. സാധാരാണ ഡ്യൂട്ടി പോലെ ഇതും കടന്നുപോകും. അതേസമയം എപ്പോഴും രോ​ഗികളോടൊപ്പം ഓണം ചെലവഴിക്കുന്ന ഒരുവിഭാ​ഗം ജീവനക്കാർ എന്നുമുണ്ടാകും. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കും.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios