കോതമംഗലം സെന്റ് ജോസഫ് നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയാണ്, പ്രിൻസിപ്പാളിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കോളേജ് അധികൃതർ റദ്ദാക്കിയത്.

കൊച്ചി: ട്രിപ്പിൾ ലോക്ഡൗണിനിടെ നഴ്സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയാണ്, പ്രിൻസിപ്പാളിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കോളേജ് അധികൃതർ റദ്ദാക്കിയത്.


കോതമംഗലത്തെ സെന്റ് ജോസഫ് നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുകയായിരുന്നു. ട്രിപ്പിൾ ലോക്ഡൗണാണെങ്കിലും പ്രാക്ടിക്കൽ പരീക്ഷക്കായി കോളേജ് ഹോസ്റ്റലിൽ എത്തണമെന്നാണ് നിര്‍ദേശം. പരീക്ഷയിൽ പങ്കെടുക്കാത്തവര്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പും ശബ്ദ സന്ദേശത്തിലുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കോളേജ് അധികൃതര്‍ പരീക്ഷ മാറ്റി വച്ചു. കൊവിഡ് രോഗികൾ കുത്തനെ ഉയര്‍ന്ന എറണാകുളം ജില്ലയിൽ നാളെ മുതൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താൻ ഇരിക്കെയാണ് പരീക്ഷ നടത്താൻ നഴ്സിങ് കോളേജ് ശ്രമം നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona