പാലാരിവട്ടത്ത് തയ്യൽക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ഫസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷർട്ട് തയ്ക്കാനെന്ന വ്യാജേന കടയിലെത്തിയ പ്രതി, സ്ത്രീ തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഷണം നടത്തിയത്

കൊച്ചി: പാലാരിവട്ടത്ത് നിന്ന് സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് ഫസൽ (24) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം സെൻ്റ് മാർട്ടിൻ ജങ്ഷന് സമീപം തയ്യൽക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാലയാണ് പ്രതി പിടിച്ചുപറിച്ചത്.

രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ഉച്ചയ്ക്ക് 02.30 ഓടെയാണ് യുവാവ് തയ്യൽക്കടയിൽ എത്തിയത്. ഇൻ്റർവ്യൂവിന് പോകാൻ ഷർട്ടിൻ്റെ ഇറക്കം കുറയ്ക്കണമെന്നായിരുന്നു ഫസൽ ആവശ്യപ്പെട്ടത്. കടയിൽ സ്ത്രീ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രതി ഇവിടെ നിന്ന് പോയ ശേഷം പിന്നീട് തിരിച്ചുവന്നു. സ്ത്രീയുമായി സംസാരിച്ചുനിൽക്കുന്നതിനിടെ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

കടയുടമയായ സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പ്രതിയുടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.