പത്തനംതിട്ട: പത്തനംതിട്ട ചെങ്ങറമുക്കിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസിയായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. നരിക്കുഴി സ്വദേശി കുഞ്ഞുമോന്‍റെ മകൾ രാധികയെയാണ് അയൽവാസിയായ ചരുവിൽ സനോജ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആന്ധ്രയിൽ നഴ്സിങ്ങ് പഠിക്കുകയായിരുന്ന പെൺകുട്ടി അടുത്തിടെയാണ് നാട്ടിലെത്തിയത്. 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ അഞ്ചിൽ അധികം സ്ഥലങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി അപകടനില തരണം ചെയ്തു. പ്രതി നേരത്തെയും ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പെൺകുട്ടിയെ ആക്രമിച്ച സനോജ്.