തിരുവനന്തപുരം: ഹിന്ദി വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്ന് രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. 

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ​ഗോപാൽ രംഗത്തെത്തിയിരിക്കുന്നത്. ഷായുടേത് സംഘപരിവാർ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിച്ചത്. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.

അമിത് ഷായുടെ ഹിന്ദി വാദത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്ത ആരിഫ് ഖാന്‍ രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്ന് കുറിച്ചിരുന്നു.