തിരുവനന്തപുരം: അന്തരിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ. കേരളത്തെ ഏറെ സ്നേഹിക്കുകയും  മലയാളികൾക്ക് പ്രിയപ്പെട്ട നേതാവുമായിരുന്നു സുഷമ സ്വരാജെന്ന് രാജ​ഗോപാൽ പറഞ്ഞു.

സുഷമ സ്വരാജിന്റെ അകാലവിയോ​ഗത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ലോക നേതാക്കൾ അടക്കം നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. 

എയിംസില്‍ നിന്ന് പുലര്‍ച്ചയോടെ ഭൗതികശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും ശേഷം 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.