Asianet News MalayalamAsianet News Malayalam

ഓച്ചിറ സംഭവം: പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ

ഓച്ചിറയിൽ  നിന്ന് കാണാതായ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.

oachira kidnapping controversy over girls age
Author
Kollam, First Published Mar 28, 2019, 11:50 AM IST

കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ ആധാർ കാര്‍ഡ് ബന്ധുക്കൾ ഒളിപ്പിച്ചെന്നും ആരോപണം.

പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെൺകുട്ടിയുടെ സ്കൂൾ രേഖയിൽ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. പെൺകുട്ടിയുടെ  പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.

മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്നത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. 

തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. 

Also Read: തട്ടിക്കൊണ്ടുപോയതല്ല; ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടി

തനിക്ക് പതിനെട്ട് വയസായെന്നും പെൺകുട്ടി അവകാശപ്പെടുന്നുണ്ട്. തന്‍റെ പ്രായം തെളിയിക്കാനുള്ള തെളിവുകൾ അച്ഛന്‍റെ പക്കലുണ്ടെന്നും പെൺകുട്ടി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് മുംബൈ പ്രതിനിധിയോട് പറഞ്ഞിരുന്നു. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ തട്ടിക്കൊണ്ടുപോകൽ കേസിലെ ആശയക്കുഴപ്പങ്ങൾ പെൺകുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂർത്തിയായാൽ മാത്രമേ പൂർണ്ണമായും നീങ്ങുകയുള്ളൂ. 

Also Read: പ്രായപൂര്‍ത്തിയായി, രേഖകള്‍ അച്ഛന്‍ മറച്ചുവെച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടി

Follow Us:
Download App:
  • android
  • ios