ന്യൂസിലൻഡിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളിൽ നിന്ന് 8,95,000 രൂപ തട്ടിയെടുത്ത വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷിനെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വിസ നൽകാതെയും പണം തിരികെ കൊടുക്കാതെയും വഞ്ചിച്ചതിനാണ് അറസ്റ്റ്. 

തൃശൂർ: ന്യൂസിലൻഡിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34) ആണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശി ഷമൽ രാജ്, സുഹൃത്ത് നോബിൾ എന്നിവരിൽ നിന്നായി 8,95,000 രൂപയാണ് യുവതി തട്ടിയെടുത്തത്.

ഷമൽ രാജിൽ നിന്ന് 4 ലക്ഷം രൂപയും നോബിളിൽ നിന്ന് 4.95 ലക്ഷം രൂപയും 2025 ജനുവരി 9 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിൽ പലപ്പോഴായി ബ്ലസി കൈപ്പറ്റിയെന്നാണ് പരാതി. എന്നാൽ വിസ ശരിയാക്കി നൽകുകയോ കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്യാതെ യുവതി തട്ടിപ്പ് നടത്തുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ ഷമൽ രാജ് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ബ്ലസി അനീഷിനെ അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം.എസ്., സബ് ഇൻസ്പെക്ടർ സുബിന്ത് കെ.എസ്., എ എസ് ഐ ഷീജ, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ് സി.ഡി. , അർജുൻ , ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.