ബാലുശ്ശേരിയിലെ മൊബൈല്‍ ഷോറൂമില്‍ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ മാനേജരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കോഴിക്കോട്: ബാലുശ്ശേരിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാരന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡയലോഗ് മൊബൈല്‍ ഗാലറി സ്ഥാപനത്തില്‍ അരക്കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ നടുവണ്ണൂര്‍ സ്വദേശി അശ്വിന്‍ കുമാറിന്‍റെ (35) ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ കോടതി ജഡ്ജി തള്ളിയത്.
സ്ഥാപന ഉടമ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ ആറിന് ആണ് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ സ്ഥാപനത്തില്‍ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. മാനേജ്‌മെന്‍റ് കൈയ്യോടെ പിടികൂടിയ ശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകള്‍ നല്‍കിയെങ്കിലും ബാങ്കില്‍ നിന്ന് മടങ്ങി. തുടര്‍ന്നാണ് റൂറല്‍ എസ്പിക്കും ബാലുശ്ശേരി പൊലീസിലും പരാതി നല്‍കിയത്.
താന്‍ കുറ്റം ചെയ്തു എന്ന് അശ്വിന്‍ സമ്മതിക്കുന്ന രേഖകള്‍ കൂടി പരിഗണിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഒരു മാസത്തിലേറെയായി ഒളിവില്‍ കഴിയുന്ന അശ്വിനെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം വിശ്വാസ വഞ്ചനക്കും മോഷണത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


