Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാൽ വിശദീകരണം. എന്നാല്‍  ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്ന്  കെ എൽ രമേശ് പറയുന്നത്.

officer who posted against cm on facebook fired by kial
Author
Trivandrum, First Published Dec 25, 2020, 11:13 AM IST

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെയാണ് പുറത്താക്കിയത്. പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് രമേശൻ പോസ്റ്റിട്ടിരുന്നു. 

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അധികാരം സംബന്ധിച്ച് ജൂലൈയിലെ സുപ്രീംകോടതി വിധിയിൽ സർക്കാരിനെ വി‍മർശിച്ചായിരുന്നു കെ എൽ രമേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനടയിൽ വന്ന കമന്റുകൾക്ക് കൊടുത്ത മറുപടിയിൽ മുഖ്യമന്ത്രിയെയും രമേശ് കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. കിയാൽ ചെയർമാൻ കൂടിയായ പിണറായി വിജയനെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിച്ചത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി വിനീത് എന്നയാളുടെ പരാതിയിൽ എംഡി തുളസീ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. പോസ്റ്റ് പിൻവലിച്ച് രമേശ് മാപ്പ് പറഞ്ഞെങ്കിലും വിശദീകരണം തൃപ്തകരമല്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ. 

തുടർന്ന് ഡിസംബർ 22ന് രമേശിന് പുറത്താക്കി കൊണ്ട് ഉത്തരവിറങ്ങി. അതേസമയം രമേശിന്‍റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് സ്വതന്ത്ര സംഘടന രൂപീകരിച്ചിരുന്നു. ഇതും തന്‍റെ പുറത്താക്കലിന് കാരണമായിട്ടുണ്ടെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും രമേശ് അറിയിച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കിയാൽ എംപ്ലോയീസ് അസോസിയേഷൻ എംഡിക്ക് കത്തയച്ചു. കൂടുതൽ പ്രതികരണങ്ങൾക്ക് കിയാൽ അധികൃതർ തയ്യാറായിട്ടില്ല.
 

Follow Us:
Download App:
  • android
  • ios