പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയിൽ  ഇന്നലെയും ഇന്നും മത്സ്യമാംസ വ്യാപാരം നിർത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വർഷങ്ങളായി തുടരുന്ന നടപടിയാണിതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദമാണെന്നും പഞ്ചായത്ത് മറുപടി നൽകി.

ഇറച്ചിക്കടകൾ, കോഴിക്കടകൾ, മീൻ വിൽക്കുന്ന കടകൾ എന്നിവയുടെ പ്രവർത്തനം ഇന്നലെയും ഇന്നും  നിർത്തിവയ്ക്കണമെന്നായിരുന്നു  പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം. പഞ്ചായത്തിൻറെ നടപടിയെ എതിർത്തും അനുകൂലിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്‍റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. 

വർഷങ്ങൾക്ക് മുമ്പ് ഘോഷയാത്രക്കിടെ തീർത്ഥാടകർ കുളിക്കുമ്പോള്‍ നദയിൽ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിക്കുന്നു. അനാവശ്യവിവാദമെന്ന പഞ്ചായത്തിന്‍റെ വിശദീകരണത്തിനൊപ്പമാണ് നിലവിൽ സര്‍ക്കാരും.