എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു

കോട്ടയം: എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആന്‍റണിയെ വീട്ടിലെത്തി കണ്ട് സംസാരിച്ചത്. ജോലിയിൽനിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ ആന്‍റണിയെ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാം എന്നാണ് ആന്‍റണിയുടെ മറുപടി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്നും ആന്‍റണി ഉദ്യോഗസ്ഥരോട് പറഞ്ഞു. ജോലിഭാരം അറിയിച്ചതിനെ തുടർന്ന് ആന്‍റണിയെ സഹായിക്കാൻ മുണ്ടക്കയം വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാരെ കൂടി ചുമതലപ്പെടുത്തി. പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബിഎൽഒയാണ് ആന്‍റണി. ദയനീയാവസ്ഥ പറഞ്ഞുകൊണ്ടുള്ളത് ആയിരുന്നു ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ആന്‍റണി ഓഡിയോ സന്ദേശത്തിൽ പറയുന്നത്. ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ഇദ്ദേഹം.

അനീഷിന്‍റെ മരണം

നേരത്തെ കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയതും വലിയ വാർത്തയായിരുന്നു. കണ്ണൂരിലെ കുന്നരു യു പി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്.

എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു

കഴിഞ്ഞ ദിവസം എസ് ഐ ആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങവെ കണ്ണൂരിൽ ബി എൽ ഒ കുഴഞ്ഞുവീണതും വലിയ വാർത്തയായിരുന്ന. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ് ഐ ആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. കണ്ണൂർ ഡി ഡി ഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

എസ്ഐആർ: 60 ബിഎൽഎമാർക്കെതിരെയടക്കം നോയിഡയിൽ പൊലീസ് കേസ്

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്ആആർ) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽ ഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബി എൽ ഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് കേസെടുത്തത്. കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബി എൽ ഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ഈ നടപടി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)