കോട്ടയം: ക്രൂഡോയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയാത്തതിന് മോദി സര്‍ക്കാരിനെ പഴിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ഒരു ശരാശരി ഇന്ത്യക്കാരന്‍റെ ആത്മരോഷം കൂട്ടുന്ന രീതിയിലായിരുന്നു നടന്ന പ്രചാരണങ്ങള്‍. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകം സാമ്പത്തികമായി തകരുന്ന നിലയിലാണ് മോദി സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങള്‍. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ അജണ്ടകള്‍ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

മോദി കൊള്ളയടിക്കുന്നുവെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. മോദി കൊള്ളയടിക്കുന്നുവെന്ന് പറയുമ്പോള്‍ സര്‍ക്കാരും ജനങ്ങളും രണ്ടാണോ? മോദി സ്വന്തം സമ്പാദിക്കുന്നുണ്ടോ? ഇതൊന്നും വിശദമാക്കാതെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും വിദ്വേഷവും ഉണ്ടാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറഞ്ഞതനുസരിച്ച് ഉപഭോക്താവിന് വില കുറച്ച് ഇന്ധനം നല്‍കാന്‍ ലോകരാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ആഗോളതലത്തില്‍ ഓഹരി വിപണം 20ശതമാനം നഷ്ടമാണ് കഴിഞ്ഞ രണ്ടാഴ്ച മാത്രം രേഖപ്പെടുത്തിയത്. 

വിദേശ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുകയും ധനവിനിമയ ഇടപാടുകള്‍ യുഎഇ എക്സേഞ്ചുകള്‍ അടക്കം നിര്‍ത്തി വക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ആഗോള പ്രതിസന്ധി മുന്‍കൂട്ടി കണ്ട് സാമ്പത്തിക ഭദ്രതയോടെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള ഇന്ധനവില കൂടിയിട്ടില്ലെന്ന് മാത്രമല്ല വര്‍ധിച്ച എക്സൈസ് തീരുവ ഖജനാവില്‍ കരുതല്‍ നിക്ഷേപമായി ശേഖരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ ലോകത്ത് ഉണ്ടായാല്‍ രാജ്യത്ത് അരാജകത്വവും ക്ഷമാമവും പടരുന്ന സ്ഥിതിയാവും. ട്രെഷറികളും ബാങ്കുകളും പൂട്ടുന്ന സ്ഥിതിയിലേക്ക് രാജ്യം എത്തിയാല്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് എന്ന് ചിന്തിക്കേണ്ടതില്ല. സര്‍ക്കാരിനെ പാപ്പരാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല. 

ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ധന വില കുറയ്ക്കുമ്പോള്‍ ഉപഭോഗം കൂടുകയും ഡോളറിന് നേട്ടവും രൂപയ്ക്ക് നഷ്ടവുമാണ് സംഭവിക്കുക. യുപിഎ ഭരിച്ച കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് നല്‍കേണ്ടി വരുന്നത്. ഇന്ധനവില ഒരേപോലെ നില്‍ക്കുമ്പോഴും പണപ്പെരുപ്പം കുറച്ച് മൊത്തവില കുറയുന്ന സാമ്പത്തിക നേട്ടമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.