എറണാകുളം ജില്ലയിലെ ഒക്കല്‍ വിത്തുത്പാദനകേന്ദ്രത്തിന് രാജ്യത്തെ ആദ്യ കാര്‍ബണ്‍ സന്തുലിത ഫാം അംഗീകാരം. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനെജ്മെന്റ് നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒക്കല്‍ ഫാം അംഗീകാരത്തിന് അര്‍ഹമായത്.

കൊച്ചി: എറണാകുളം ജില്ലയിലെ ഒക്കല്‍ വിത്തുത്പാദനകേന്ദ്രത്തിന് രാജ്യത്തെ ആദ്യ കാര്‍ബണ്‍ സന്തുലിത ഫാം അംഗീകാരം. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനെജ്മെന്റ് (CWRDM) നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒക്കല്‍ ഫാം അംഗീകാരത്തിന് അര്‍ഹമായത്. സംസ്ഥാനത്തെ ആറു ജില്ലകളിലെ കാര്‍ഷിക ഫാമുകളിലെ കാര്‍ബണ്‍ ഫുട്പ്രിന്റ് കണക്കാക്കുന്നതിനായി, സംസ്ഥാന കാര്‍ഷികവികസന-കര്‍ഷകക്ഷേമവകുപ്പിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ കാര്‍ബണ്‍ ചെക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (CCIPL) ഈ പഠനത്തിന്റെ വിലയിരുത്തല്‍ നടത്തിയിയിരുന്നു.

ഇന്റര്‍ ഗവണ്മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) മാര്‍ഗ്ഗനിര്‍ദേശങ്ങളും യു.എന്‍.എഫ്.സി.സി.സി (UNFCCC) അംഗീകരിച്ച പ്രോട്ടോക്കോളുകളും അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍, 2024ല്‍ ഫാമില്‍നിന്ന് 221.67 ടണ്‍ കാര്‍ബണ്‍ തത്തുല്യ വാതകങ്ങള്‍ പുറന്തള്ളിയതായി കണ്ടെത്തിയിരുന്നു. ഇത് മുഴുവന്‍ യു.എന്‍.എഫ്.സി.സി.സി രജിസ്റ്റര്‍ ചെയ്ത പ്രോജക്ട് മുഖേന ഓഫ്‌സെറ്റ് ചെയ്താണ് ഒക്കല്‍ വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രല്‍ അഗ്രികള്‍ച്ചര്‍ ഫാം എന്ന പദവി നേടിയത്.

പഠനഫലങ്ങള്‍ പ്രകാരം ഫാമിലെ മൊത്തം കാര്‍ബണ്‍ പുറന്തള്ളലിന്റെ 76.38 ശതമാനവും കൃഷിയില്‍ നിന്നാണ്. നെല്‍കൃഷിയില്‍ നിന്ന് 149.25 ടണ്ണും, ഊര്‍ജ്ജ ഉപയോഗത്തിലൂടെ 28.88 ടണ്ണും, ഗതാഗതത്തിലൂടെ 8.91 ടണ്ണും, കന്നുകാലി വളര്‍ത്തലിലൂടെയും മാലിന്യസംസ്‌കരണത്തിലൂടെയും യഥാക്രമം 8.63 ടണ്ണും 5.93 ടണ്ണും കാര്‍ബണ്‍ തത്തുല്യ വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്. ഫാമിന്റെ കാര്‍ബണ്‍ സ്റ്റോക്ക് 767.34 ടണ്ണാണെന്നും പഠനത്തിലൂടെ കണക്കാക്കിയിട്ടുണ്ട്. റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കല്‍, മലിനജല പുനഃരുപയോഗം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, നെല്‍കൃഷിയില്‍ അള്‍ട്ടര്‍നേറ്റ് വെറ്റിങ്ങ് ആന്‍ഡ് ഡ്രൈയിംഗ് സാങ്കേതിക വിദ്യ നടപ്പാക്കല്‍ തുടങ്ങി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനെജ്മെന്റ് മുന്നോട്ടുവെച്ചു.

ഒക്കല്‍ വിത്തുത്പാദന കേന്ദ്രത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം എന്ന നേട്ടം സംസ്ഥാനതലത്തില്‍ മാത്രമല്ല ദേശീയതലത്തിലും വലിയ പ്രാധാന്യമുള്ളതാണെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ: കെ.പി. സൂധീര്‍ പറഞ്ഞു. 2050ഓടെ കാര്‍ബണ്‍ ന്യൂട്രലാകുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന ചുവടുവെപ്പാണ്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ബഹിര്‍ഗമന നിയന്ത്രണവുമായി ബന്ധപ്പെട്ടു മറ്റു ഫാമുകള്‍ക്കുള്ള ഒരു മാതൃക കൂടിയാണിത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കാര്‍ബണ്‍ ഫുട്പ്രിന്റ് ലേബലിംഗ് നല്‍കുന്നത് വഴി പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ പുതിയ മൂല്യം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ഭാവിയിലെ കാര്‍ബണ്‍ ക്രെഡിറ്റ് സാധ്യതകള്‍ക്ക് ഒരു മാര്‍ഗ്ഗദര്ശകമായ ശാസ്ത്രീയമായ ഉദാഹരണമായിരിക്കും ഒക്കല്‍ ഫാം' എന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ്. പി. സാമുവല്‍ അഭിപ്രായപ്പെട്ടു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ശ്രുതി.കെ. വിയും ഡോ. നവീനുമാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.