മലപ്പുറം: മലപ്പുറം താനൂരിൽ കൊവിഡ് ക്വാറന്‍റീനിൽ കഴിയുകയായിരുന്ന 48 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 21 ന് ഷാർജയിൽ നിന്ന് എത്തി തനിച്ച് വീട്ടിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, മലപ്പുറത്ത് 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ജില്ലയില്‍ നാല് ക്ലസ്റ്ററുകളാണ് ഇപ്പോള്‍ ഉള്ളത്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്നതില്‍ ജില്ലയിൽ അതീവ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Also Read: മലപ്പുറത്ത് അതീവ ജാഗ്രത: 51 പുതിയ കേസുകള്‍, 27 സമ്പര്‍ക്കം; പൊന്നാനിയില്‍ ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി