ഇടുക്കി: കമ്പംമേട്ടിൽ വൃദ്ധനെ അയൽവാസി കോടാലി കൊണ്ട് അടിച്ചുകൊന്നു. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുത‍‍‍ര്‍ക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രി എ‍ട്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട രാമഭദ്രനും അയൽവാസിയായ ജോ‍ര്‍ജും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇന്നലെ മദ്യപിക്കുന്നതിനിടെ വാക്കുത‍‍ര്‍ക്കവും അടിപിടിയുമുണ്ടായി.

കയ്യിൽ കിട്ടിയ കോടാലിയെടുത്ത് ജോ‍ര്‍ജ് രാമഭദ്രനെ തലയ്ക്കടിച്ചു കൊന്നു. ജോ‍‍ര്‍ജിനും പരിക്കേറ്റിരുന്നു. തന്നെ ആശുപത്രിയിലെത്തിക്കാൻ ജോ‍‍ര്‍‍ജ് അനിയനെ വിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രാമഭദ്രന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  നെടുങ്കണ്ടത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴി‍യുന്ന ജോ‍ര്‍ജിനെ വൈകാതെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.