കൊച്ചി: മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹൻ അന്തരിച്ചു. കേരളത്തിൽ അവശേഷിക്കുന്ന ജൂതവംശജരിൽ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു 97 കാരി‍യായ സാറാ കോഹൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണിൽ നടക്കും.

മട്ടാഞ്ചേരിയിൽ ശേഷിക്കുന്ന നാല് ജൂത കുടുംബങ്ങളിലെ അഞ്ച് പേരിൽ ഒരാളായിരുന്നു സാറാ കോഹൻ. കോഹൻ തലമുറയിലെ അവസാനത്തെ കണ്ണിയായിരുന്നു സാറാ കോഹൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറ വോട്ട് ചെയ്യാ‍ൻ എത്തിയത് വാർത്തയായിരുന്നു. ഭർത്താവുമായി ചേർന്ന് ആരംഭിച്ച സാറാസ് എംബ്രോയ്ഡറി ഷോപ്പും പ്രസിദ്ധമാണ്. ജൂതരുടെ ഉടമസ്‌ഥതയിൽ മട്ടാഞ്ചേരിയിലുള്ള അപൂര്‍വ്വം ചില ബിസിനസ്‌ സ്‌ഥാപനങ്ങളിൽ ഒന്നാണ് സാറാസ് എംബ്രോയ്‌ഡറി ഷോപ്പ്. 

കുട്ടികളില്ലാത്ത സാറയ്ക്ക് ഭർത്താവ് ജേക്കബിന്‍റെ മരണ ശേഷം തുണയായത് മലയാളിയായ താഹ ഇബ്രാഹിം ആയിരുന്നു. മട്ടാഞ്ചേരി ജൂത ടൗണിലെ യഹൂദ പള്ളിക്കടുത്തുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് ശേഷം ‍‍‍ജൂത ടൗണിൽ നടക്കും. മട്ടാഞ്ചേരിയിലെ ജൂത ടൗണിൽ എത്തുന്നവരെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാൻ സാറാ കോഹൻ ഇനി ഉണ്ടാവില്ല.