Asianet News MalayalamAsianet News Malayalam

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം വിതരണം ചെയ്യും

ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കും. 2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 

Onam bonus advance for cashew workers will be distributed this month
Author
Thiruvananthapuram, First Published Aug 11, 2021, 8:01 PM IST

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യും. തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മുന്‍വര്‍ഷം നല്‍കിയ അതേ നിരക്കില്‍ ഇക്കുറിയും ഓണം ബോണസ് നല്‍കണമെന്ന മന്ത്രിമാരുടെ നിര്‍ദേശം യോഗത്തില്‍ ഇരുവിഭാഗവും അംഗീകരിച്ചു.

തീരുമാനമനുസരിച്ച് ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കും. 2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2021 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സെങ്കില്‍ അധികമുള്ള തുക ഓണം ഇന്‍സന്റീവ് ആയി കണക്കാക്കും.

കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കും.2021 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫുകളുടെ ബോണസ് നിശ്ചയിക്കുന്നത്. 2021 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സ് നല്‍കും. അതില്‍ കുറവ് ഹാജര്‍ ഉള്ളവര്‍ക്ക് ആനുപാതികമായി ബോണസും അഡ്വാന്‍സും നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.

തൊഴിലുടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ട് പോയാല്‍ മാത്രമേ വ്യവസായത്തിന് നിലനില്‍പ്പുള്ളൂവെന്ന് തൊഴില്‍വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇരുവിഭാഗവും സംയുക്തമായി അംഗീകരിച്ചതില്‍ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളെ മന്ത്രി അഭിനന്ദിച്ചു. എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പൊതു സമീപനമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി. കശുവണ്ടിമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്  ബാങ്കര്‍മാരുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 

കശുവണ്ടി മേഖലയിലെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും. ഇതിനായി ധന - വ്യവസായ - തൊഴില്‍ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ കശുവണ്ടി മേഖലയിലെ തൊഴിലുടമാ-തൊഴിലാളി പ്രതിനിധികളുടെ യോഗം ഓണത്തിനു ശേഷം വിളിച്ചു ചേര്‍ക്കുമെന്നും ഇരുമന്ത്രിമാരും വ്യക്തമാക്കി. യോഗത്തില്‍ തൊഴിലാളി പ്രതിനിധികളായി കെ.രാജഗോപാല്‍, ബി.തുളസീധരക്കുറുപ്പ്, എ.എ.അസീസ്, ജി.ബാബു, ജി.രാജു, അഡ്വ.എസ്.ശ്രീകുമാര്‍, അഡ്വ.മുരളി മടന്തകോട്, എഴുകോണ്‍ സത്യന്‍, അഡ്വ.ജി.ലാലു,ബി.സുജീന്ദ്രന്‍, രഘു പാണ്ഡവപുരം എന്നിവരും തൊഴിലുടമാ പ്രതിനിധികളായി ബാബു ഉമ്മന്‍, പി.സുന്ദരന്‍, മാര്‍ക്ക് സലാം, ജോബ്‌റണ്‍ ജി.വര്‍ഗീസ്, കെ.രാജേഷ്, രാജേഷ് രാമകൃഷ്ണന്‍, ജെയ്‌സണ്‍ ജി.ഉമ്മന്‍, എന്‍.സതീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഇന്‍-ചാര്‍ജ്ജ്) രഞ്ജിത് മനോഹര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്‌മെന്റ്) കെ.ശ്രീലാല്‍, കൊല്ലം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ പി.ആര്‍.ശങ്കര്‍ , ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍(ആസ്ഥാനം) കെ.വിനോദ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios