Asianet News MalayalamAsianet News Malayalam

ഇത്തവണ ഓണാഘോഷം കേമമാക്കണം! കേരളത്തിന് പുറത്തുള്ളവരെ വരെ ആക‌ർഷിക്കണം; നിർദേശവുമായി മുഖ്യമന്ത്രി

കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Onam celebration 2023 Even people outside Kerala should be attracted instruction from cm pinarayi vijayan btb
Author
First Published Jul 6, 2023, 1:15 AM IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം ഓ​ഗസ്റ്റ് 27 മുതല്‍ സെപ്റ്റംബ‌‍ർ രണ്ട് വരെ വിപുലമായ പരിപാടികളോടെ  നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകള്‍ ഫ്ലോട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാര്‍ക്കറ്റുകള്‍ ഉണ്ടാകണം.

പ്രത്യേകം പച്ചക്കറി ചന്തകള്‍ ആരംഭിക്കണം. കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കണം. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധാന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനാവണം. വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറി വിഭവങ്ങള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട്  സംഭരിച്ച് വിതരണം ചെയ്യണം.

പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം. കലാ-സാംസ്കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണം.

ഓണാഘോഷം വിപുലവും ആകര്‍ഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍ , ജി ആര്‍ അനില്‍ , പി പ്രസാദ്, ജെ ചിഞ്ചുറാണി, സജി ചെറിയാന്‍, വി എൻ വാസവന്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേന്ദ്രത്തേക്കാൾ ഒരുപടി മുന്നിൽ തന്നെ! കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി, തൊഴിലുറപ്പിലെ 'കേരള മോഡൽ'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

Follow Us:
Download App:
  • android
  • ios