ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂടി. റെയില്‍വേ സ്പെഷ്യല്‍ സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നരിട്ടിയായി.ചെന്നൈയില്‍ നിന്ന് കെഎസ്ആര്‍ടിസി ഒരു സര്‍വ്വീസ് പോലും തുടങ്ങാത്തതിനാല്‍ സ്വകാര്യ ബസുകളുടെ തീവെട്ടികൊള്ള തുടരുകയാണ്.

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും കാത്തിരിപ്പ് പട്ടിക നൂറിന് മുകളിലാണ്. ഓണം പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സുവിധ സ്പെഷ്യല്‍ സര്‍വ്വീസില്‍ സെക്കന്‍ഡ് ക്ലാസ് നിരക്ക് ഇപ്പോഴേ 1400നടുത്ത്. വിമാന നിരക്ക് ആകാശം തൊട്ടു. ഏക ആശ്രയം സ്വകാര്യ ബസ്സുകള്‍ മാത്രമാണ്.തിരക്കേറിയതോടെ 1200 രൂപയായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 2400ന് അടുത്തെത്തി.

തെക്കന്‍ ജില്ലകളിലുള്ളവര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസ് ആശ്രയിക്കാമെന്ന കണക്കുകൂട്ടലിലാണ്. എന്നാല്‍ മലബാറിലേക്ക് ഉള്‍പ്പടെ പോകാന്‍ ഇത്തവണയും പോക്കറ്റ് കാലിയാവും. സ്ഥിരം സര്‍വ്വീസിന് മടിച്ച് നില്‍ക്കുന്ന കെഎസ്ആര്‍ടിസി ഓണക്കാലത്ത് സ്പെഷ്യല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.മള്‍ട്ടി ആക്സില്‍ ബസ്സുകള് വാടകയ്ക്ക് എടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വരാതായതോടെ സ്പെഷ്യല്‍ സര്‍വ്വീസ് പദ്ധതി അവതാളത്തിലാണ്.