Asianet News MalayalamAsianet News Malayalam

ഓണക്കിറ്റ് വിവാദം തുടരുന്നു; 35 കമ്പനികൾ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എത്തിച്ചു, നടപടികൾ തുടങ്ങാതെ സപ്ലൈക്കോ

നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശർക്കരയിലും,പപ്പടത്തിലും. പരാതികൾ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങൾ വിതരണത്തിനായി എത്തിച്ച കമ്പനികൾക്കെതിരെ ഒരു നടപടിയുമായിട്ടില്ല.

onam kit controversy continues supplyco yet to take action against companies that provided low quality products
Author
Thiruvananthapuram, First Published Sep 4, 2020, 7:55 AM IST

തിരുവനന്തപുരം: ഓണക്കിറ്റിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ. വിതരണക്കാരെ ഉടൻ കരിമ്പട്ടികയിൽ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതിൽ കാലതാമസം. പരാതികളുണ്ടായ സാഹചര്യത്തിൽ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഫലം വന്നശേഷം കന്പനികൾക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.

ആലുവ അശോകപുരത്തെ കൊച്ചിൻ ബാങ്ക് കവലയിലെ റേഷൻ കടയിൽ നിന്നാണ് ചുണങ്ങൻവേലി സ്വദേശി പി കെ അസീസ് ഓണക്കിറ്റ് വാങ്ങിയത്. പായസത്തിന് ചേർക്കാൻ ശർക്കരയെടുത്തപ്പോൾ കിട്ടിയത് രണ്ട് കഷ്ണം കുപ്പിച്ചിലുകൾ. അസീസിനെ പോലെ നിരവധി പേർക്കാണ് ദുരനുഭവമുണ്ടായത്.

സംസ്ഥാനത്ത് വിതരണത്തിനായി തയ്യാറാക്കിയ 75 ശതമാനത്തിലധികം ഓണക്കിറ്റുകളും ഉപഭോക്താക്കളുടെ വീടുകളിലെത്തി. ഓണവും കഴിഞ്ഞു. നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശർക്കരയിലും,പപ്പടത്തിലും. പരാതികൾ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങൾ വിതരണത്തിനായി എത്തിച്ച കമ്പനികൾക്കെതിരെ ഒരു നടപടിയുമായിട്ടില്ല. വിതരണത്തിനായി എത്തിച്ച 500 ലോഡ് ശർക്കരയിൽ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകൾക്കായി അയച്ചത്. ഇതിൽ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. മാർക്കറ്റ് ഫെഡ് എത്തിച്ച ശർക്കരയും ഇതിൽ ഉൾപ്പെടും. എന്നാൽ ഗുരുതര ക്രമക്കേട് നടത്തിയ വിതരണക്കാർക്കെതിരെ ഒരു അടിയന്തര നടപടിയും ഇത് വരെയും സപ്ലൈക്കോയിൽ തുടങ്ങിയിട്ടില്ല.

സ്കൂൾ കിറ്റ് വിതരണത്തിനുള്ള ഇ ടെണ്ടർ നടപടികൾക്ക് തുടക്കമായി. മാത്രമല്ല വരുന്ന നാല് മാസം കൂടി ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം. കുറ്റക്കാരായ കമ്പനികൾക്കെതിരായ നടപടികളിൽ മെല്ലപ്പോക്ക് തുടർന്നാൽ ഇനി വരുന്ന കിറ്റുകളിലും മായം ചേർക്കാനായി അവരെത്തും.

Follow Us:
Download App:
  • android
  • ios