Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വർണവും പിടികൂടി; ഓഗസ്റ്റ് 21 വരെ റിമാൻഡിൽ

സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വ‍ർണവും പണവും എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

one crore rupees seized from swapna sureshs locker
Author
Kochi, First Published Jul 24, 2020, 5:58 PM IST

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിൻ്റെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കോടി രൂപ പിടിച്ചെടുത്തതായി എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കോടതിയെ അറിയിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്വപ്ന സുരേഷിൻ്റെ സമ്പാദ്യം എൻഐഎ വെളിപ്പെടുത്തിയത്. 

ഒരു കോടി രൂപ കൂടാതെ ഒരു കിലോ സ്വ‍ർണവും ലോക്കറിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎയു‌ടെ റിപ്പോ‍ർട്ടിൽ പറയുന്നു. എന്നാൽ സ്വപ്നയുടെ വിവാഹത്തിന് അറബി സമ്മാനിച്ചതാണ് ഈ സ്വ‍ർണവും പണവും എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറിൽ നിന്നും 64 ലക്ഷം രൂപയും 982 ​ഗ്രാം സ്വ‍ർണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്കിൽ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തു. 

അതേസമയം സ്വ‍ർണക്കടത്ത് കേസ് പ്രതികളായ പി.ആ‍ർ.സരിത്ത്, സന്ദീപ് നായ‍ർ, സ്വപ്ന സുരേഷ് എന്നിവരെ അടുത്ത മാസം 21 വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യഹ‍ർജി ബുധനാഴ്ച കോടതി പരി​ഗണിക്കും.

അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും അതിനായി സമയം വേണമെന്നും എൻഐഎ ആവശ്യപ്പെട്ടതിനെ തുടന്നാണ്‌  ഇന്ന് സമ‍ർപ്പിക്കപ്പെട്ട ജാമ്യഹ‍ർജി പരി​ഗണിക്കുന്നത് കോടതി  മാറ്റി വെച്ചത്. പ്രതികളെ ചോദ്യം ചെയ്യുവാനായി കസ്റ്റംസും ഉടനെ അപേക്ഷ നൽകും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയിലാവും കസ്റ്റംസ് അപേക്ഷ നൽകുക. 

കസ്റ്റഡിയിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി സ്വപ്ന സുരേഷ് എൻഐഎ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞു. കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവാദം തരണമെന്നും സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios