കൊല്ലം: കൊല്ലത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പിടിപെട്ട നാല്‍പ്പത്തിയഞ്ചുകാരിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ ഇതുവരെ നൈഗറ്റീവ് ആകാത്തതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ഇവർ ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞമാസം 30നാണ് പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്.

വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ഫലം തന്നെ.  എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. പക്ഷേ 48 മണിക്കൂറിലെ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകൂ.  

ആര്‍ടി പിസിആര്‍ പരിശോധനയില്‍ ഇപ്പോഴും പോസിറ്റീവ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമാകാമെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് ഇവരില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായതായി ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്.

ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.  മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.