തൃശ്ശൂര്‍: ചാവക്കാട് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ കൊന്ന കേസിൽ മുഖ്യ പ്രതി പിടിയിൽ. വടക്കേക്കാട് സ്വദേശി ഫെബീർ ആണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് പേരെ പൊലീസ് നേരത്തെ അറിസ്റ്റ് ചെയ്തിരുന്നു.

എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സജീവ പ്രവർത്തകനായ ഫെബീർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്ത് നിന്നുമാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സിനോജും സംഘവും കസ്റ്റഡിയിലെടുത്തത്. 

കേസിലെ മറ്റ് പ്രതികളെക്കുറിച്ച് ഇയാളിൽ നിന്ന് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ സി ഡി ശ്രീനിവാസൻ പറഞ്ഞു. ജൂലൈ 31 നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊന്നത്.

പിന്നീട് എസ്‍ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷനത്തിലാണ് നാലാംകല്ല് സ്വദേശി മുബീൻ പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെബീറിനെ പിടികൂടിയത്. നൗഷാദ് ജീവിച്ചിരുന്നാൽ ചാവക്കാട്ടെ എസ്‍ഡിപിഐയുടെ വളർച്ച തടസപ്പെടും എന്നതിനാലാണ് കൊല നടത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഫെബീറിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.