കാസർകോട്: ജ്വല്ലറി തട്ടിപ്പ് കേസിൽ റിമാൻഡിലായ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്.

മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. അതേസമയം, കമറു​ദ്ദീനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു. കാഞ്ഞങ്ങാട് കോടതിയിൽ കമറുദ്ദീൻ കഴിഞ്ഞ ദിവസം ജാമ്യഹർജി നൽകിയിരുന്നു. 

ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.