ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്
ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
തൃശൂർ: നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കുറ്റമാണ് പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി അറിയിക്കും. മോശം പെരുമാറ്റം പരാതിയിൽ അഡ്വ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന് സത്യവാങ്മൂലം നൽകാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.
ബലാത്സംഗക്കേസിൽ പ്രതിയായ മുകേഷിന് പൂർണ്ണ പിന്തുണ നിൽകുകയാണ് സിപിഎം. കേസിന്‍റെ പേരിൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. മുകേഷിനോട് മാറി നിൽക്കാൻ നിർദ്ദേശിച്ചത് സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാത്രമാണ്.