തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 കാരിയായ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്‍റീനിലുള്ളത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇന്നലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ ഇന്ന് വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; എട്ട് പേര്‍ക്ക് രോഗമുക്തി