കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം നെടുമ്പന സ്വദേശി ബാലകൃഷ്ണൻ നായർ (82) ആണ് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന ബാലകൃഷ്ണന് ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു

കൊവിഡ് ബാധിതനായി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബാലകൃഷ്ണൻ നായർ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച നാലാമത്തെയാളാണ് ഇദ്ദേഹം.

എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്‍റ് തെരേസാസ് കോൺവെന്‍റിലെ  കന്യാസ്ത്രി എയ്ഞ്ചൽ ഇന്ന് മരിച്ചു. എൺപത് വയസ്സായിരുന്നു. ഈ മാസം 24ന് മഠത്തിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് സിസ്റ്ററിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ സ്രവ പരിശോധനയിലാണ് സിസ്റ്റർ എയ്ഞ്ചലിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സിസ്റ്ററിന് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളുമുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ചത്. പക്ഷാഘാതത്തിനും കിഡ്നി സംബന്ധമായി അസുഖങ്ങള്‍ക്കും ചികില്‍സയ്ക്കായാണ് സിദ്ദിഖ് മെഡിക്കല്‍ കോളേജിലെത്തുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരികരിക്കുകയായിരുന്നു. സിദ്ധിഖിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കും.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.