Asianet News MalayalamAsianet News Malayalam

ഇടുക്കിൽ ഒരാൾ കൂടി രോ​ഗമുക്തി നേടി ആശുപത്രി വിട്ടു, ഇനി ചികിത്സയിലുള്ളത് 12 പേർ

ഇന്ന് ഒരാൾ കൂടി രോ​ഗമുക്തി നേടി ആശുപത്രി വിട്ടതോടെയാണ് രോ​ഗബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞത്.

one more covid patient in idukki left to home
Author
Thodupuzha, First Published May 2, 2020, 4:06 PM IST

തൊടുപുഴ: ഇടുക്കി ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോ​ഗികളുടെ എണ്ണം 12 ആയി കുറഞ്ഞു. ഇന്ന് ഒരാൾ കൂടി രോ​ഗമുക്തി നേടി ആശുപത്രി വിട്ടതോടെയാണ് രോ​ഗബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞത്. മണിയാറൻകുടി സ്വദേശിയാണ് ഇന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ഡ്രൈവറായ ഇയാൾക്ക് തമിഴ്നാട്ടിൽ നിന്നാണ് രോ​ഗം ബാധിച്ചത് എന്നാണ് നി​ഗമനം. 

ഇടുക്കിയിൽ കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലഭരണകൂടം. അതിർത്തി മേഖലകളിൽ പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. കടവരിയിൽ വനത്തിലൂടെ അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി തിരിച്ചയച്ചു. 

ഗ്രീൻ സോണിൽ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറിയ അനുഭവം മുൻനിർത്തിയാണ് ഇടുക്കിയിൽ പരിശോധനകൾ കടുപ്പിക്കുന്നത്. തേനിയിൽ കൊവിഡ് രോഗികൾ കൂടുന്നതും ആശങ്ക സൃഷ്ടിക്കുന്നു. അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മുപ്പതോളം വാച്ച‍ർമാരെ നിയോഗിച്ചു. വനത്തിൽ പൊലീസിന് എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ ടെന്‍റ് കെട്ടി താമസിച്ചാണ് ഇവരുടെ നിരീക്ഷണം. തമിഴ്നാട്ടിലേക്കുള്ള പ്രധാന പാതകൾ അടച്ചതിനാൽ വനപാതയിലൂടെ ഇപ്പോഴും തമിഴ്നാട്ടിലേക്കും തിരിച്ചും കടക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. 

ഇത്തരത്തിൽ വട്ടവടയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെയാണ് വനംവകുപ്പ് തിരിച്ചയച്ചത്. അതിർത്തി മേഖലകളിലും വനപാതകളിലും പൊലീസ് പരിശോധന തുടരുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നു. ഇടുക്കിയിലെ പ്രത്യേക നിരീക്ഷണത്തിന് നിയോഗിച്ച ദക്ഷിണ മേഖല ഐജി ഹർഷത അട്ടല്ലൂരി അതിർത്തി മേഖലകളിൽ നേരിട്ടെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios