കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി, വന്യമൃഗശല്യത്താൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന മനോവിഷമത്തിലെന്ന് മകൾ
സ്ഥലം ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ അർഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിൽ വിഷമത്തിലായിരുന്നുവെന്ന് മകൾ സൌമ്യ പറഞ്ഞു

കണ്ണൂർ : കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ അർഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിൽ വിഷമത്തിലായിരുന്നുവെന്ന് മകൾ സൌമ്യ പറഞ്ഞു.
ഭാര്യ കനകമ്മ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് 71 കാരനായ സുബ്രഹ്മണ്യൻ തൂങ്ങിമരിച്ചത്. സ്വന്തം സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിന്റെയും വീടില്ലാത്തതിന്റയും ക്യാൻസർ രോഗ ബാധയുടെയും വിഷമങ്ങളിലായിരുന്നു സുബ്രഹ്മണ്യൻ. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നു. അതിൽ കൃഷി ചെയ്തുള്ള ആദയം ആയിരുന്നു വരുമാന മാർഗം. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ അവിടെ ജീവിക്കാൻ വയ്യാതായി. രണ്ടര വർഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു. നാട്ടുകാർ ഒരുക്കി കൊടുത്ത വാടക വീട്ടിലായി താമസം. വരുമാനവും നിലച്ചു.
ചികിത്സ വേണ്ടി വന്നതോടെ നാല് ലക്ഷത്തോളം ബാധ്യതയുമായി. വാർദ്ധക്യ പെൻഷനും ഭാര്യയുടെ തൊഴിലുറപ്പ് വരുമാനവും മാത്രമായിരുന്നു ആശ്രയം. വീടിന് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും രണ്ടേക്കർ സ്ഥലം ഉള്ളതിനാൽ അർഹതയുണ്ടായില്ല. താമസിക്കുന്ന വാടക വീടിന്റെ അറ്റകുറ്റപ്പണി ഉള്ളതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വരുമെന്ന് വീട്ടുടമ അറിയിച്ചിരുന്നു. മറ്റൊരു വീടും നാട്ടുകാർ ക്രമീകരിച്ചിരുന്നു. ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് എത്തുമ്പോൾ നൽകാൻ ഒരു സങ്കട ഹർജി സുബ്രഹ്മണ്യൻ തയ്യാറാക്കിയത് വീട്ടിലുണ്ട്. സ്ഥലം ഉപയോഗ ശൂന്യമായതും വീട് കിട്ടാൻ തടസ്സം നീക്കണമെന്നും മകളെക്കൊണ്ട് എഴുതിച്ച അപേക്ഷയിലുണ്ട്.