മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.
കൊച്ചി : ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്.
read more news 16 മണിക്കൂർ കരണ്ടില്ല, കെഎസ്ഇബി ഓഫീസിൽ ആളുമില്ല! ജീവനക്കാരെല്ലാം ചേർന്ന് 'ട്രിപ്പ് പോയെന്ന്' മറുപടി, അന്വേഷണം
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും സമാനമായ മറ്റൊരു വിവരം പുറത്ത് വന്നത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചു.
