Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഒരാൾക്ക് കൂടി നിപ; സ്വകാര്യ ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകന് രോ​ഗം സ്ഥിരീകരിച്ചു

സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

one more nipah patient confirmed Kozhikode sts
Author
First Published Sep 13, 2023, 9:18 PM IST

കോഴിക്കോട്:  കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ടയാളാണ് ഇപ്പോള്‍ നിപ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളും പ്രഖ്യാപിച്ചു.

അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 706 ആയി ഉയർന്നിട്ടുണ്ട്.. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പ‍ർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകൾക്ക് പുറമേ സൂ‍പ്പര്‍ മാർക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പർക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുക. നിപ്പയ്ക്കുള്ള പ്രത്യേക മരുന്ന് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.

നിപ ജാ​ഗ്രത: ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി; 706 പേർ സമ്പർക്കപ്പട്ടികയിൽ, 13 പേർ നിരീക്ഷണത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

 

Follow Us:
Download App:
  • android
  • ios